Wednesday 20 July 2016

               അക്കരെയിക്കരെ പോവാനൊരു പുഴ
പുഴയിൽ നീന്തുമ്പോൾ 
പല പല സ്നേഹങ്ങളുടെ 
കുട്ടിക്കരണം മറിച്ചിലുകൾ..,
പുഴയോളം പോന്ന ആര്ദ്രത 
കോരി നിറച്ച
അനേകമനേകം മീൻകണ്ണുകൾ..,
കമിഴ്ന്നു നീന്തുമ്പോൾ
ഒരൊറ്റ തലോടലിൽ തന്നെ
അകത്തെ അങ്കലാപ്പിനെ
കഴുകിക്കളയുന്ന
അലകളുടെ സ്നേഹം...,
മലര്ന്നു നീന്തുമ്പോൾ
മിനുമിനുത്ത ചെകിളപ്പൂക്കളെ
ധ്യാനിക്കുന്ന ആകാശപ്പൊട്ട്
അങ്ങ് വിദൂരതയിൽ.
ചുഴിയിൽ മുങ്ങി നിവരുമ്പോൾ
പിഴിഞ്ഞു കളയാൻ
കടലോളം പരന്ന സങ്കടങ്ങൾ...,
ആഴങ്ങളിൽ മുങ്ങാംകുഴിയിടുമ്പോൾ
അടഞ്ഞ സ്നേഹങ്ങളെ
അനുസ്മരിപ്പിക്കുന്ന
വഴുവഴുത്ത കല്ലുമ്മക്കായകൾ..,
പുഴയിലെങ്ങനെ തുഴഞ്ഞാലും
തല തുവർത്തുമ്പോൾ
വെറുമൊരു തോർത്തിൽ
ഒപ്പിയെടുക്കാം
നമുക്കകത്തെ മീൻവെട്ടം !
ഇതുകൊണ്ടൊക്കെയാവണം
ആരോ പറഞ്ഞു തന്നത്;
അകമെത്തുവോളം
തുഴഞ്ഞു തുഴഞ്ഞു പോവാനൊരു
പുഴവേണമെന്ന്!!

Monday 18 July 2016

                                                                 വേണ്ടത്
                                                             -------------------


                                                          നമുക്ക് വേണ്ടത് ;
                                                           പൂച്ചയറിയാതെ യജമാനന്റെ സ്നേഹം 
                                                           എടുത്ത്‌വെക്കാൻ മറിഞ്ഞു വീണാലും
                                                           ഉടയാത്ത ഒരു പൂപ്പാത്രം.
                                                           അനന്തതയിലേക്ക് പറന്നുയരാൻ 
                                                           കൊതിക്കുന്ന പക്ഷിക്ക്
                                                           ചിറകൊതുക്കിയണയാൻ
                                                            ചിറകടികൾ എത്താത്ത ഒരിടം.
                                                            കാലിടറി വീഴുമ്പോൾ
                                                             കൈപിടിച്ചുയർത്താൻ
                                                             മണലിന്റെ കിരുകിരുപ്പില്ലാത്ത
                                                             ഒരു വിരൽത്തുമ്പ്.
                                                              മഷിപടർന്ന പുറന്താളുകൾ
                                                              ഒഴിച്ചിടുമ്പോൾ
                                                              ചിന്ത മലിനമാക്കാത്ത
                                                               കടലാസിന്റെ മൃദുലത..
                                                               ഒരു മനസ്സ്!!

Friday 1 April 2016

                                                ചിതറിപ്പോയ ചിലത്
                                                  --------------------------
                                                                      
       മഴ                                                                                         മനസ്സ്
      -----                                                                                         ---------
 ജനലഴി തൊട്ടു തെറിച്ചാൽ മതി                       കല്ലെടുത്തൊന്നാഞ്ഞതേയുള്ളൂ  ;
ചില മഴത്തുള്ളികൾ;                                           ആഴങ്ങളിലൊതുക്കിയ
പിന്നെ ..                                                               വേലിയേറ്റങ്ങളിൽ  തട്ടി
നിർത്താത്ത കരച്ചിലാണ്                                മരണത്തിന്റെ ജലമുഖങ്ങളെ പറ്റി  
ഉള്ളരികിലെ ചില  പെയ്യാ മേഘങ്ങൾ.....     ഉള്ളിലെ  കിണർ !!

പ്രണയം                                                    
----------                                                                                             
ഹൃദയം പേടിപ്പെടുത്തുന്നആഴങ്ങളിൽ                                                                                       മണ്ണിട്ട്‌ മൂടിയതാണല്ലോ.
തുറന്നു നോക്കാതിരിക്കാനാണ്
 ആണിയടിച്ച് കുഴിച്ചിട്ടതും.
എന്നിട്ടും
എന്റെ പ്രണയമേ...,
തടുക്കാനാവുന്നേയില്ല
കല്ലറക്കുമേലുള്ള
നിന്റെ ഉയിർത്തെഴുന്നേൽപ്പ്...

ജീവിതം
----------
മുറിഞ്ഞുപോയ പുഴയൊഴുക്കിന്റെ
ഖേദങ്ങളിൽ ആരോ കുടഞ്ഞിട്ട
ജലബലൂണ്‍ പോലെ ........

Tuesday 1 December 2015

ഒരു കടൽ കാഴ്ച്ചയിൽ ജീവിതത്തെ കൂട്ടിവായിക്കുമ്പോൾ..
---------------------------------
ഒരൊറ്റ ഓട്ടത്തിൽ
അക്കരെ തൊട്ടോടിപ്പോരാൻ
പറയും
ഓരോ കടൽകാഴ്ചയും .
ഇനിയും ജനിച്ചിട്ടേയില്ലെന്ന്
മണലെഴുതാൻ നിർബന്ധിക്കും
ആഴങ്ങളിലേക്ക് ആണ്ടുപോവുന്ന
തിരകൾ-ഒരിക്കലെങ്കിലും.
സ്വപ്നങ്ങളിലെങ്കിലും
ഒറ്റക്കാലുള്ള ഒരു വിളക്കുമരം
സൂക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെ ന്യായീകരിക്കും
കരയിലെ മരുഭൂമികൾ !
കണ്ടെത്താ വൻകളിലേക്ക്
പുറപ്പെട്ടുപോയ
കപ്പലോട്ടക്കാരന്റെ കിതപ്പുകൾ
ചരിത്രത്തിന്റെ മണങ്ങളിലേക്ക്
തുളുമ്പുന്നതിനെ സാക്ഷ്യപ്പെടു


ത്തും
കടൽചുഴികൾ എല്ലായ്പ്പോഴും.
ഇതൊക്കെ സത്യമാണെങ്കിൽ,
ഒറ്റയ്ക്ക്
കടൽ വക്കത്തിരിക്കുമ്പോൾ
ചാടിച്ചാവാൻ പ്രലോഭിപ്പിക്കുന്നതെന്തിന്
ഭൂപടത്തിൽ ഇടം കിട്ടാത്ത
ഒരേയൊരു കരകാണാകടൽ?
മുടങ്ങിപ്പോയ ചില യാത്രകളുടെ
ഓര്‍മ്മയ്ക്ക്‌...
-------------------------
പുറപ്പെട്ടിടത്തു തന്നെ ഒടുങ്ങുന്ന ചില
യാത്രകളുണ്ട്‌ എല്ലാ ജീവിതങ്ങളിലും...
തീരെ ചെറുതാവുമ്പോഴുള്ള
യാത്രകള്‍ക്കൊക്കെ അമ്മയുടെ ഒക്കത്തിരിക്കുന്ന
കുഞ്ഞനിയനോടുള്ള മൂന്നുവയസ്സുകാരി ചേച്ചിയുടെ
അസൂയമൂത്ത നോട്ടത്തിന്‍റെ ചെന്തീ നിറമാണ്...

ഇത്തിരിപ്പോന്നപ്പോഴുള്ള യാത്രകള്‍ക്കാകട്ടെ
അലിയിച്ചു തീരും മുന്‍പേ വിഴുങ്ങിപ്പോയ
ഓറഞ്ചുമിട്ടായിയുടെ നിറവും..
യുവത്വത്തിന്‍റെ യാത്രകള്‍ക്കൊക്കെ
അരികിലൊട്ടിയിരുന്ന് സ്വപ്നങ്ങളില്‍ നീ കടം തന്ന
ഞാന്‍ പ്രസവിക്കാത്ത നിന്‍റെ കുഞ്ഞുങ്ങളുടെ
പാല്‍ നിറമാണ്..
പിന്നീടുള്ള യാത്രകള്‍ക്കെല്ലാം
മുറിച്ചു കടക്കാനൊരു വയലിറമ്പോ,
മുറ്റത്തെ മഴക്കൊരു കുടയോ
കരുതിവെക്കാനില്ലാത്തവന്റെ
പുറപ്പെടാ യാത്രകളുടെ നിറമില്ലാനിറമാണ്!
ഇപ്പോളിപ്പോള്‍ പുറപ്പെടും മുന്നേ
പിറകിലേക്കൊടിമായുന്ന മരത്തലപ്പുകളില്‍
മുടങ്ങിപ്പോയ യാത്രകളെല്ലാം
വരിവരിയായി നിന്ന് ........